രാജ്യത്തെ ആദ്യ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പിലിക്കോടിനെ പ്രഖ്യാപിച്ചു. ഊര്‍ജ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായാണ് പഞ്ചായത്തില്‍ നിന്ന് ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായും നീക്കം ചെയ്തത്. സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെയുള്ള ജനകീയ കൂട്ടായ്മ നടപ്പാക്കിയ ഊര്‍ജയാനം പദ്ധതിയാണ് പിലിക്കോടിനെ രാജ്യത്തെ ആദ്യ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്ത് എന്ന ഖ്യാതിയിലേയ്ക്ക് എത്തിച്ചത്.
പദ്ധതി നടപ്പിലായതോടെ കഴിഞ്ഞ വര്‍ഷം ഒരുലക്ഷത്തി ഇരുപതിനായിരം യൂണിറ്റ് വൈദ്യുതി ലാഭിച്ചു. ഇതോടെ സംസ്ഥാന തലത്തില്‍ മികച്ച ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരവും പിലിക്കോടിനെ തേടിയെത്തി. പൈലറ്റ് അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലേയും ഒരു പഞ്ചായത്തിനെ ആദ്യ ഘട്ടത്തില്‍ ഫിലമെന്റ് മുക്തമാക്കാനും, അതു വിജയിക്കുന്ന മുറക്ക് പദ്ധതി വ്യാപിപിച്ചു പടിപടിയായി സംസ്ഥാനത്തെ തന്നെ ഫിലമെന്റ് ബള്‍ബ് മുക്തമാക്കാനും വൈദ്യുതിവകുപ്പ് പദ്ധതി തയ്യാറാക്കി വരുന്നു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വീടുകള്‍,കച്ചവടകേന്ദ്രങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 40,000 ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി. പകരം എല്‍.ഇ.ഡി ബള്‍ബുകളാണ് ഇപ്പോള്‍ പ്രകാശം പരത്തുന്നത്. കാലിക്കടവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പിലിക്കോടിന്റെ നേട്ടം പ്രഖ്യാപിച്ചത്.